കാബുൾ: അഫ്ഗാനിസ്ഥാനിൽ വീട് വിട്ടിറങ്ങിയതിന് താലിബാൻ സൈന്യം കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങി മരിച്ചു. വിവാഹിതയായ പുരുഷനോടൊപ്പം ഒളിച്ചോടിയതിനാലാണ് യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് യുവതി തൂങ്ങിമരിച്ചത്.
സ്ത്രീകൾക്ക് ജയിൽ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചതെന്ന് ഗൊർ പ്രവിശ്യയിലെ താലിബാൻ പൊലീസ് മേധാവി അബ്ദുൾ റഹ്മാൻ പറഞ്ഞു. വ്യാഴാഴ്ച വിവാഹിതനായ യുവാവിനെ വധിച്ചിരുന്നു. വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞ് കൊല്ലാനോ പരസ്യമായി ചാട്ടവാറടിക്കാനോ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു.
താലിബാൻ സ്ത്രീകൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത്. ഇതോടെ പലയിടത്തും സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. പെൺകുട്ടികൾക്ക് ആറാം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടാൻ കഴിയില്ല.