തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്. 765 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണ് പടരുന്നതെന്ന് വ്യക്തമായി. ആർ.സി.സി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവയോട് കൊവിഡ് രോഗികൾക്കായി പ്രത്യേക കിടക്കകൾ നീക്കിവയ്ക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപ്പോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളുള്ളവർ, ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവരോട് രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്ത 20 കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗവും 60 വയസിന് മുകളിലുള്ളവരാണ്. ഐസിയുവിൽ ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. ഇവരിൽ ഭൂരിഭാഗത്തിനും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുണ്ട്. പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ മാസ്ക് ശരിയായി ധരിക്കണം. കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
ഫെബ്രുവരിയിൽ സംസ്ഥാനത്ത് കേസുകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നിരുന്നാലും, മാർച്ചോടെ കേസുകളിൽ നേരിയ വർധനവുണ്ടായി. ഇന്ന് 765 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലുള്ളത്. മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകരുത്. ജനിതക പരിശോധനയ്ക്ക് അയച്ചതിൽ ഭൂരിഭാഗവും ഒമിക്രോണാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനിതക പരിശോധന വർദ്ധിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.