
മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ഉടനായ വിവാദത്തിൽ പ്രതികരണവുമായി ജോയ് മാത്യു. മമ്മൂട്ടിയോളം സഹജീവികളോട് കരുതലും കാരുണ്യവുമുള്ള നടന്മാർ ഇല്ലെന്നാണ് തന്റെ അറിവെന്നും, ഒരാൾ ആയുഷ്കാലം മുഴുവൻ ചെയ്ത നന്മകളും ഒരു നിമിഷം കൊണ്ട് മറക്കാൻ ചില പ്രത്യേക മനുഷ്യർക്കേ കഴിയൂവെന്നും ജോയ് മാത്യു പറയുന്നു.
“മമ്മൂട്ടിയോളം സഹജീവികളോട് കരുതലും കാരുണ്യവുമുള്ള നടൻമാർ ഇല്ല എന്നാണ് എന്റെ അറിവ്. എന്റെ മാത്രമല്ല ഒട്ടുമിക്ക മലയാളികളുടെയും. എന്നാൽ ഒരാൾ ഒരായുഷ്കാലം ചെയ്ത നന്മകൾ ഒരു നിമിഷം കൊണ്ട് മറക്കാൻ ചില പ്രത്യേകതരം മനുഷ്യർക്കെ കഴിയൂ എന്ന് കഴിഞ്ഞ ദിവസം മനസ്സിലായി. രണ്ടുപേർ തമ്മിലുള്ള ചെറിയൊരു പ്രശ്നം പോലും ഊതിപെരുപ്പിച്ചു വഷളാക്കി എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സൈബർ അടിമകൾ. മമ്മൂട്ടിക്കെതിരെ ഹീനമായ സൈബർ ആക്രമണം നടത്തുന്ന അടിമകളോട് “കടക്ക് പുറത്ത്” എന്ന് പറയാൻ പോലും ഇവർക്ക് ഒരു നേതാവ് ഇല്ലെന്നോ?” ജോയ് മാത്യു പറയുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
അതേസമയം വിവാദത്തിൽ പ്രതികരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തിയിരുന്നു. മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ചതായും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന താൻ, പ്രിയപ്പെട്ട നടന് തിരക്കും ബഹളവും മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് അവിടെ ഇടപെട്ടതെന്ന് റഫീഖ് പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


