
തൊടുപുഴ: അപരന്മാരുടെ സാന്നിധ്യം കൊണ്ട് ഇടുക്കി നെടുംകണ്ടം പഞ്ചായത്തിലെ പാലാര്‍ വാര്‍ഡിലെ പോരാട്ടം ശ്രദ്ധേയമാകുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന വനിതകള്‍ ഏറ്റുമുട്ടുന്ന വാര്‍ഡിലെ വിജയം ഇടത്, വലത് മുന്നണികള്‍ക്ക് ഒരു പോലെ പ്രധാനമാണ്.
എല്‍ ഡി എഫിനായി ശോഭനാ വിജയന്, യു ഡി എഫിനായി ശ്യാമള വിശ്വനാഥന്, എന്‍ ഡി എയ്ക്കായി സന്ധ്യ പി എസ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇവരെ കൂടാതെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ള മറ്റ് അഞ്ച് പേര് അപരന്മാരാണ്.മൂന്ന് ശ്യാമളമാരും രണ്ട് ശോഭനമാരും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മത്സരരംഗത്തുണ്ട്.
കഴിഞ്ഞ തവണ ശ്യാമള വിശ്വനാഥനും ശോഭന വിജയനും പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് പരസ്പരം ഏറ്റുമുട്ടിയത്. അന്ന് 57 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം ശോഭനയ്ക്ക് ഒപ്പം നിന്നു. അന്നുണ്ടായിരുന്ന അപര സ്ഥാനാര്‍ഥിയായ ശ്യാമള നേടിയ 84 വോട്ടുകള്‍ മത്സരഫലത്തില്‍ നിര്‍ണ്ണായകമായി. വാര്‍ഡ് മാറിയെങ്കിലും ഇത്തവണയും വിജയം ആവര്ത്തിയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശോഭന വിജയന്. കഴിഞ്ഞ തവണ പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്ന് ശോഭന പറഞ്ഞു.


