പാലക്കാട്: സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച യുവാവും സഹായികളും അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്നതെന്നാണ് ബൈജുവിന്റെ മൊഴി. പാലക്കാട് ഹേമാംബിക നഗർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബൈജു കുടുംബവുമായി ചേർച്ചയിലായിരുന്നില്ല. വീട്ടുകാർ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയ ശേഷമാണ് മോഷണം നടത്തിയത്. സഹോദരിയെ ഫോണിൽ വിളിച്ച് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കി. വലിയ തുക വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി. ഓട് തകർത്താണ് വീടിനുള്ളിൽ കയറിയത്. അലമാരകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. അന്വേഷണം വഴിതെറ്റിക്കാൻ മുളകുപൊടി വിതറി.
കവർച്ചയ്ക്ക് ആവശ്യമായ ആയുധങ്ങൾ വീടിന് സമീപത്ത് നിന്ന് ശേഖരിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. വീട്ടിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ ബൈജുവിനെക്കുറിച്ച് പൊലീസിന് ചില സംശയങ്ങളുണ്ടായിരുന്നു. തുടർന്ന് തന്ത്രപരമായി വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് വിവരം വെളിപ്പെടുത്തിയത്.