കൊച്ചി: എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി. ചിറ്റൂർ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ ആറരയോടെ ഇതുവഴി വന്ന വളളക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ മൃതദേഹം ഇവിടെ നിന്നും നീക്കി. മരണമടഞ്ഞത് ആരെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
നാൽപതിനടുത്ത് പ്രായം വരുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് ആരാണെന്നറിയാൻ സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായ യുവതികളുടെ വിവരങ്ങൾ അന്വേഷിക്കുകയാണ് പൊലീസ്. ആത്മഹത്യയാണോ അതോ കൊലപാതകത്തിന് ശേഷം കെട്ടിത്തൂക്കിയതാണോ എന്നീ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം നോർത്ത് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.