കൊല്ലം: ചടയമംഗലത്ത് ഫർണിച്ചർ കടയുടെ ഒന്നാം നിലയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ നിർമ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടന്നൂർ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടുപകടരണങ്ങൾ വാങ്ങാൻ കടയിൽ എത്തിയതായിരുന്നു രാജീവ്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണ രാജീവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മകളും നോക്കിനിൽക്കെയാണ് അപകടം നടന്നത്. രാജീവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് ഫർണിച്ചർ കടയിലേക്ക് മാർച്ച് നടത്തി. തുടർന്ന് കട അടച്ചുപൂട്ടി.
ചടയമംഗലത്ത് പുതുതായി പ്രവർത്തനം തുടങ്ങിയ ഫർണിച്ചർ കടയിലാണ് അപകടം നടന്നത്. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവ് അടയ്ക്കുകയോ ലിഫ്റ്റ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. ഇവിടെ മുന്നറിയിപ്പ് ബോർഡോ അപായ സൂചനാ അടയാളമോ വച്ചിരുന്നില്ല. ലിഫ്റ്റിനുള്ള വിടവെന്ന് അറിയാതെയാണ് രാജീവ് അപകടത്തിൽ പെട്ടത്. കടയുടെ പണി പൂർണ്ണമായി നടത്താതെയാണ് തുറന്ന് പ്രവർത്തിപ്പിച്ചതെന്നും രാജീവിന്റെ മരണം കടയുടമകളുടെ അനാസ്ഥയിലൂടെ ഉണ്ടായതാണെന്നും എഐവൈഎഫ് ആരോപിച്ചു.
രണ്ട് ദിവസം മുമ്പ് ഫർണിച്ചർ കടയിലെത്തിയ കണ്ണങ്കോട് വാർഡ് അംഗം മഞ്ജു മറിയപ്പിള്ളി ഈ കുഴിയിലേക്ക് തെന്നിയിരുന്നു. കൂടെയുളളവർ പിടിച്ചതിനാൽ കുഴിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം കടയുടമ ഇവിടെ വേലി കൊണ്ട് മറച്ചിരുന്നു. കടയുടമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ചടയമംഗലം പൊലീസിൽ പരാതി നൽകി. കടയുടമക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.