കൊച്ചി: ലൈംഗികാതിക്രമ പരാതിയുമായി യുവ വനിതാ ഡോക്ടർ രംഗത്ത്. ഹൗസ് സർജൻസി സമയത്ത് സീനിയര്‍ ഡോക്ടറിൽ നിന്ന് നേരിട്ട പീഡനത്തിൽ പരാതിയുമായി വനിതാ ഡോക്ടർ. എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരേയാണ് വനിതാ ഡോക്ടർ പരാതി നൽകിയത്. 2019-ൽ ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് മുതിർന്ന ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടർ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു.
നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം പോലീസിന് കൈമാറും എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു. ഈ സംഭവത്തിന് പിന്നാലെ സഹപ്രവർത്തകരോട് വിഷയം പറഞ്ഞിരുന്നു. എന്നാൽ അന്ന് പരാതിയൊന്നും നൽകിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു.