ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതില്‍ സന്തോഷമെന്ന് ഭാര്യ. പ്രതികള്‍ക്ക് പരാമവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. വിധി പ്രസ്താവം കേള്‍ക്കാന്‍ രഞ്ജിത് ശ്രീനിവാസന്റെ ഭാര്യയും മകളും അമ്മയും കോടതിയില്‍ എത്തിയിരുന്നു. തൊണ്ടയിടറിയാണ് അമ്മ മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊന്നും പറയാനില്ലെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ പതിനഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.ശിക്ഷ തിങ്കളാഴ്ച വിധിക്കും. ആദ്യ എട്ടു പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം. മറ്റ് ഏഴു പേര്‍ക്കെതിരെ ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചു. സുരക്ഷ കണക്കിലെടുത്ത് കോടതി പരിസരത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. പ്രതികളെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ 2021 ഡിസംബര്‍ 19ന് രണ്‍ജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍, അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ, മുല്ലയ്ക്കല് വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്, തെക്കേ വെളിയില്‍ ഷാജി എന്ന പൂവത്തില്‍ ഷാജി, മുല്ലയ്ക്കല് നുറുദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികള്‍.
ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര് ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ ഹാജരാക്കി. ആലപ്പുഴയിലെ ബിജെപി അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്. അതിനിടെ, വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ചു പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കേസ് ആലപ്പുഴയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്.