കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ രേഖാമൂലം പരാതി നൽകാതെ പി ജയരാജൻ. വിഷയത്തിൽ രേഖാമൂലം പരാതി നൽകണമെന്ന് പാർട്ടി നേതൃത്വം നിർദേശം നൽകിയിരുന്നു. പരാതി നൽകിയാൽ പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നു.
അതേസമയം, ഇ.പി.ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദീകരണം നൽകിയത്. വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യയ്ക്കും മകനും ഉണ്ടെന്നും അത് നിയമവിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാര്യയുടെയും മകന്റെയും വരുമാന മാർഗം ഇ.പി. ജയരാജൻ പാർട്ടിക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. ഇരുവർക്കും ഔദ്യോഗിക പദവികൾ ഇല്ലാത്തതിനാലാണ് ഇത് നേരത്തെ വെളിപ്പെടുത്താതിരുന്നതെന്നും ഇ.പി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. ഇക്കാര്യത്തിൽ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം.