കോട്ടയം (എരുമേലി): ബഫർ സോൺ വിഷയത്തിൽ കഴിവുകെട്ടവനാണെന്ന് സ്വയം തെളിയിച്ച വനം മന്ത്രിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കക്ഷി നേതാവായതിനാൽ പുറത്താക്കാൻ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കിൽ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പമ്പാവാലിയിലെയും ഏഞ്ചൽ വാലിയിലെയും എല്ലാ പ്രദേശങ്ങളും വനഭൂമിയാക്കി മാറ്റുന്ന ഉപഗ്രഹ ഭൂപടം ഡൽഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞതെന്നും ഹൈക്കോടതിയുടെ നിർദേശപ്രകാരം നികുതി അടയ്ക്കുന്ന പട്ടയഭൂമി പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ വനഭൂമിയാക്കി മാറ്റിയതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നൽകിയ മൂന്ന് മാപ്പുകളും ഉപഗ്രഹ സർവേ റിപ്പോർട്ടുകളും സർക്കാരിൻ്റെ ഉദാസീനതയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും വിഷയം പഠിക്കാതെ വനംവകുപ്പ് സ്വീകരിക്കുന്ന ഓരോ നടപടിയും ജനതാൽപര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.