
കോഴിക്കോട് : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കോഴിക്കോട് കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. തെരുവ് നായ കുറുകെ ചാടിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി തലകീഴായി മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 23 ന് എറണാകുളത്തും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. കണ്ടെയ്നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികനായ മൂലംപിള്ളി സ്വദേശി സാല്‍ട്ടണ്‍ (21) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ജോലിക്ക് പോകാന്‍ ഇറങ്ങിയ സാല്‍ട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ലോറി സാള്‍ട്ടന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ യുവാവ് മരണപ്പെട്ടു. സംസ്ഥാനത്ത് തെരുവ് നായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് തെരുവ് നായ കുറുകെ ചാടിയുളള അപകടങ്ങളും വര്‍ധിക്കുന്നത്.

