
കൊച്ചി: പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച മനുഷ്യരുടെ ജീവിതകഥകൾ പങ്കുവെച്ച ‘പോരാട്ടമാണ് കഥ’ എന്ന സെഷൻ ശ്രദ്ധേയമായി. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയുടെ ഭാഗമായാണ് ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളിലൂടെ വിജയം വരിച്ചവർ ഒത്തുചേർന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവന്ന നാലുപേർ തങ്ങളുടെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
കാൻസറിന്റെ നാലാം ഘട്ടത്തിൽ, വെറും മൂന്ന് മാസം മാത്രം ആയുസ്സ് വിധിക്കപ്പെട്ട അവസ്ഥയിൽ നിന്നും ബോഡി ബിൽഡറും ട്രെയിനറുമായി മാറിയ കഥയാണ് ജയജിത്തിന് പറയാനുള്ളത്. പാലക്കാട് നടന്ന ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുത്തത് തന്റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും അവർ പറഞ്ഞു.
ഏഴ് വർഷമായി കാൻസറിനോട് പോരാടുന്ന ലക്ഷ്മി ജയൻ, തന്റെ പുഞ്ചിരിയാണ് തന്നെ ജീവിതത്തിൽ പിടിച്ചുനിർത്തുന്നതെന്ന് പറഞ്ഞു. ശരീരത്തിന്റെ മുക്കാൽ ഭാഗവും കാൻസർ ബാധിച്ചിട്ടും തളരാത്ത പോരാട്ടവീര്യമാണ് ലക്ഷ്മിയുടേത്.
22-ാം വയസ്സിലുണ്ടായ അപകടത്തിൽ 85 ശതമാനവും ശരീരം തകരുകയും 15 മാസത്തോളം കോമയിലാവുകയും ചെയ്ത വ്യക്തിയാണ് സജി ഹരിദാസ്. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയിടത്തുനിന്നും മനക്കരുത്ത് കൊണ്ട് സജി ജീവിതത്തിലേക്ക് നടന്നു കയറി. പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഏതൊരു വീഴ്ചയിൽ നിന്നും എഴുന്നേൽക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് കരിങ്കൽ ക്വാറിയിലും റോഡ് പണിക്കും പോയി മക്കളെ വളർത്തിയ ശാന്തിപ്രിയ, ഇന്ന് സിനിമാരംഗത്തെ വസ്ത്രാലങ്കാര മേഖലയിൽ സജീവമാണ്. മൂന്ന് മക്കളുടെ അമ്മയായ ശാന്തിപ്രിയ മക്കൾക്കൊപ്പം അനാഥാലയത്തിൽ കഴിഞ്ഞ മറ്റൊരു കുട്ടിയെക്കൂടി കുടുംബത്തിനൊപ്പം കൂട്ടി. ആത്മഹത്യാശ്രമങ്ങളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന അവർ, അപരനോട് കാണിക്കുന്ന സഹാനുഭൂതിയാണ് ജീവിതത്തിന്റെ യഥാർത്ഥ പ്രേരണയെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി.


