രാജസ്ഥാൻ : രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം ആരംഭിച്ചു. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ഇന്ന് രാവിലെ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്നു. മോഹൻ ലാൽ , ലിജോ ജോസ് പെല്ലിശ്ശേരി, മറ്റ് താരങ്ങൾ, ചിത്രത്തിന്റെ നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ, അനൂപ് എന്നിവർ സന്നിഹിതരായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന ചിത്രത്തിന് ശേഷം പി.എസ്.റഫീഖ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
പൂർണ്ണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭരായ ചില താരങ്ങളും അഭിനയിക്കും.