കൽപ്പറ്റ: വയനാട് പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. കാൽപ്പാടുകൾ കണ്ടിട്ടും വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ സഞ്ചാര പാത കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം.
പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളൊന്നും കടുവയുടെ ചിത്രം പകർത്തിയിട്ടില്ല. കടുവ ഇപ്പോഴും ജനവാസ മേഖലയിലുണ്ടെന്നാണ് കരുതുന്നത്. വടക്കൻ മേഖലാ സിസിഎഫിന്റെ നേതൃത്വത്തിൽ നൂറിലധികം വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയ്ക്ക് 2.30ന് പുതുശ്ശേരി സെന്റ് തോമസ് പള്ളിയിലാണ് ചടങ്ങ്.