പാലക്കാട്: പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 304 പേജുള്ള കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. കഴിഞ്ഞ ഒന്നര വർഷമായി പ്രതികൾ സി.പി.എമ്മിൽ നിന്ന് അകന്നു നിൽക്കുന്നവരാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ബാലഗോകുലത്തിന്റെ ഫ്ളക്സ് സ്ഥാപിച്ചത് ഷാജഹാൻ തടഞ്ഞത് കൊലപാതകത്തിന് പ്രേരണയായെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഓഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘങ്ങളാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലും കാലിലും വെട്ടേറ്റാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിലെ പത്ത് മുറിവുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. ഇയാളുടെ കൈകളും കാലുകളും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷാജഹാന്റെ ഇടതുകൈയിലും ഇടത് കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.