പ്രായഭേദമന്യേ പലരും ഇന്ന് ഹൃദ്രോഗ ബാധിതരാണ്. അലക്ഷ്യമായ ജീവിതശൈലിയിൽ നിന്നും മോചിതരാവുക എന്നത് മാത്രമാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മാർഗം എന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ധർ.
മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഇല്ലാതാക്കിയാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. പുകവലിക്കുന്നവരെ ബോധവൽക്കരിക്കുന്നതോടൊപ്പം, അവരുടെ സമീപത്ത് നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം. കാരണം, പാസീവ് സ്മോക്കിങ്ങിലൂടെ ഹൃദ്രോഗികളാവുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. രക്തത്തിൽ ടട്രൈഗ്ലിസറൈഡിന്റെ അളവ് ഉയർത്തുന്ന മദ്യവും വില്ലൻ തന്നെ. ഹൃദയത്തിൽ നിന്നുള്ള രക്തപ്രവാഹത്തെ ഇത് സാരമായി ബാധിക്കും.
മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്ത ആഹാരവസ്തുക്കൾ എന്നിവ ഉപേക്ഷിച്ച് ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുകയും, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ശീലമാക്കുകയും ചെയ്യാം. 30 മിനിറ്റ് വ്യായാമം ചെയ്യുന്നതും ഉത്തമമാണ്. വീടിന്റെയും, ഓഫീസിന്റെയുമെല്ലാം പടികൾ കയറുന്നത്, രാവിലെയോ, വൈകുന്നേരങ്ങളിലോ ഉള്ള നടത്തം എന്നിവയും ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.