കൊച്ചി: കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷ തലേന്ന് കത്തിക്കാനിരിക്കുന്ന പാപ്പാഞ്ഞിക്ക് പുതിയ മുഖം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണ് പാപ്പാഞ്ഞിക്ക് ഉള്ളതെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് പപ്പാഞ്ഞിയുടെ മുഖം മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള മുഖം കീറിക്കളഞ്ഞു. പുതിയ മുഖം ഇന്ന് തന്നെ സ്ഥാപിക്കും.
ഇന്നലെ രാവിലെയാണ് പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുടെ മുഖവുമായി സാദൃശ്യമുള്ളതായി ശ്രദ്ധയിൽ പെട്ടത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് പ്രാദേശിക ബിജെപി നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിജെപി ജില്ലാ സെക്രട്ടറിയും നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രിയ പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്ന പരേഡ് ഗ്രൗണ്ടിലെത്തി നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
കാർണിവൽ കമ്മിറ്റി നിർമ്മാണം നിർത്തിവച്ച് മാപ്പ് പറയണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. നിർമാണം നിർത്തിവച്ചെങ്കിലും ആദ്യം മാപ്പ് പറയാൻ ഭാരവാഹികൾ തയ്യാറായില്ല. മുഖം മാറ്റാമെന്ന് വാഗ്ദാനം ചെയ്യുകയും നിലവിൽ സ്ഥാപിച്ചിരുന്ന മുഖം കീറിക്കളയുകയും ചെയ്തു. എന്നാൽ പ്രതിഷേധം ശക്തമായതോടെ കാർണിവൽ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.