കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പുതിയ പതിപ്പ് ഈമാസം 20ന് ആരംഭിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി മത്സരങ്ങള്‍ നടക്കും. ആദ്യകളി കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മിലാണ്. കാണികളില്ലാത്ത ടൂര്‍ണമെന്റാണിത്.
ഇക്കുറി ഏറെ സവിശേഷതകളോടെയാണ് ഐഎസ്എല്‍ തുടങ്ങുന്നത്. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും കടന്നുവരവാണ് ശ്രദ്ധേയം. ബഗാന് എടികെയുമായി ചേര്‍ന്ന്, എടികെ മോഹന്‍ ബഗാന് എന്ന പേരിലാണ് ഇറങ്ങുന്നത്. രണ്ട് വമ്പന്മാരും എത്തുന്നതോടെ ക്ലബുകളുടെ എണ്ണം പതിനൊന്നാകും. മത്സരങ്ങള്‍ 115 ആയി വര്‍ധിക്കും. കഴിഞ്ഞവര്‍ഷം 95 കളികളായിരുന്നു. ടീമുകള്‍ തമ്മിലുള്ള ഇരുപാദ പോരാട്ടങ്ങള്‍ക്കുശേഷം ആദ്യ നാല് സംഘങ്ങള്‍ പ്ലേ ഓഫിലെത്തും. സെമി, ഫൈനല്‍ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.