കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോണ്ഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ചർച്ച ചെയ്യാനായി മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും. യോഗത്തിൽ ദേശീയ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഓൺലൈനായി പങ്കെടുത്തു.
കോൺഗ്രസ് നിലപാടിനെ പറ്റി അഭിപ്രായം പറയാനില്ല. അവർ തീരുമാനം സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ. എല്ലാ പാർട്ടികളും തീരുമാനം എടുത്ത ശേഷം ആവശ്യമെങ്കിൽ പറയാം. വിശ്വാസത്തിനോ ആരാധനക്കോ പാർട്ടി എതിരല്ല, ആരാധന തുടങ്ങുന്നതല്ല പ്രശ്നം. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കുന്ന തരത്തിലാണ് ഇതുകൊണ്ട് പോകുന്നത്. ഇതിനെ പ്രധാനമന്ത്രി രാഷ്ട്രീയമാക്കി ഉപയോഗിക്കുന്നു. ഓരോ പാർട്ടിയും ഇത് തിരിച്ചറിയണം. അതനുസരിച്ചു നിലപാട് എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങളും പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നത്. വിശ്വാസികൾക്കൊപ്പമാണ് ലീഗ്. തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഉപയോഗിക്കുന്നതിന് എതിരാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു.
സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞിരുന്നു. അതിനിടയിലാണ് വിമർശനം ശക്തമായതോടെ പിൻമാറാനുള്ള കോണ്ഗ്രസ് തീരുമാനം പുറത്തുവരുന്നത്.