കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് അന്വേഷണം പാതി വഴിയിൽ. എന്നാൽ സമീപത്തെ കടകളിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പുറത്ത് വിട്ടു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് റൂറൽ എസ്പി ആർ കറുപ്പസാമി പറഞ്ഞു.
വടകര അടക്കാത്തെരു സ്വദേശി രാജനെയാണ് ശനിയാഴ്ച രാത്രി മാർക്കറ്റ് റോഡിലെ കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജനെ അടുത്തറിയാവുന്ന ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. രാത്രി 10 മണിക്ക് ശേഷം മറ്റൊരാൾ രാജനൊപ്പം കടയിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞിരുന്നു. രാജനൊപ്പം ഒരാൾ ബൈക്കിൽ കടയിലേക്ക് വരുന്നത് സി.സി.ടി.വിയിയിലും പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ദൃശ്യങ്ങളിൽ പതിഞ്ഞ ആളുടെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ രാജനൊപ്പം ഉണ്ടായിരുന്നയാളുടെ മുഖം വ്യക്തമായിരുന്നില്ല. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ ഇതര സംസ്ഥാന തൊഴിലാളിയാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഒരു മൊബൈൽ ഫോൺ കൂടി കടയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊലയാളി രക്ഷപ്പെട്ട രാജന്റെ ഇരുചക്രവാഹനത്തിനായി തിരച്ചിൽ തുടരുകയാണ്.