യുഎഇ: യു.എ.ഇയിൽ വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം മാനവ വിഭവശേഷി വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സാധാരണ, സ്വകാര്യ മേഖലയിലെ ജീവനക്കാർ ഒരു ദിവസം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നു. റമദാൻ മാസത്തിൽ ഇത് പ്രതിദിനം ആറ് മണിക്കൂറോ ആഴ്ചയിൽ 36 മണിക്കൂറോ ആയി കുറയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, റമദാൻ ദിവസങ്ങളിൽ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിയിൽ കമ്പനികൾക്ക് ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് രീതികൾ പ്രയോഗിക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അധിക ജോലി സമയം ഓവർടൈം ആയി കണക്കാക്കാം.
വിശുദ്ധ റമദാൻ മാസത്തിൽ ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്ക് ഔദ്യോഗിക ജോലി സമയം ക്രമീകരിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.