പട്ന: അസ്വാഭാവിക നിലയില്‍ കണ്ട അധ്യാപകനെയും പെണ്‍കുട്ടിയെയും ആള്‍ക്കൂട്ടം വിവസ്ത്രരാക്കി മര്‍ദ്ദിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യ പ്രതികളായ മൂന്ന് പേര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. അതിനിടെ, പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് പോക്സോ കേസ് ചുമത്തി സംഗീത അധ്യാപകനെ അറസ്റ്റ് ചെയ്തു.ബിഹാറിലാണ് സംഭവം. പെണ്‍കുട്ടിയെയും അധ്യാപകനെയും വിവസ്ത്രരാക്കി മൂന്ന് പേര് ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. 40നും 50നും ഇടയില്‍ പ്രായമുള്ള അധ്യാപകനാണ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായതെന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോയ്ക്ക് പുറമേ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം, ഐടി ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് തുടങ്ങിയവയാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നതെന്ന് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയെയും അധ്യാപകനെയും മര്‍ദ്ദിച്ച പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ വീഡിയോ പരിശോധിച്ച് വരികയാണ്. തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിവരികയാണ്. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറയുന്നു.