കെജിഎഫ് എന്ന സിനിമയിലൂടെ കർണാടകയ്ക്ക് പുറത്തുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ പ്രൊഡക്ഷൻ ഹൗസാണ് ഹൊംബാളെ ഫിലിംസ്. അവരുടെ ഏറ്റവും പുതിയ ചിത്രം മലയാളത്തിലാണ്. ലൂസിയ, യു ടേൺ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രം ഇന്ന് ആരംഭിച്ചു.
ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ഫഹദും അപർണയും പങ്കെടുത്തു. റോഷൻ മാത്യുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടിയും പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലനുമാണ്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൂർണിമ രാമസ്വാമിയാണ് വസ്ത്രാലങ്കാരം.