കോഴിക്കോട്: വിശദമായ ചർച്ചകൾക്ക് ശേഷമാണ് ലോകായുക്ത ഭേദഗതി നിയമം കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയതെന്ന് നിയമമന്ത്രി പി രാജീവ്. ചർച്ചയ്ക്ക് ശേഷം, ഭേദഗതിക്ക് ഭരണഘടനാപരവും നിയമപരവുമായ സാധുതയുണ്ടെന്ന് സഭയ്ക്ക് പൊതുവായ അഭിപ്രായമുണ്ടായിരുന്നു.
കേന്ദ്ര ലോക്പാൽ നിയമം, സംസ്ഥാന ലോകായുക്ത മോഡൽ ആക്ട് എന്നിവയിലെ വ്യവസ്ഥകൾ പാലിച്ച് ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഭേദഗതി നടപ്പാക്കിയത്. ലോകായുക്ത നിയമപ്രകാരം ഈ സംവിധാനം അന്വേഷണത്തിനും പരിശോധനയ്ക്കും ചുമതലപ്പെടുത്തിയ സംവിധാനമാണ്. നിയമത്തിന്റെ ആമുഖത്തിൽ തന്നെ ഇക്കാര്യം ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ലോക്പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്തകളും അതാത് നിയമങ്ങൾ അനുസരിച്ച് അന്വേഷണ ഏജൻസികളാണ്. അതുകൊണ്ടാണ് ഈ നിയമങ്ങളിലൊന്നും ശിക്ഷ വിധിക്കാനും നിര്‍ബന്ധമായും നടപ്പിലാക്കാനും വ്യവസ്ഥ ചെയ്യുന്ന വകപ്പുകള്‍ ഇല്ലാത്തത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ സമരകാലത്ത് ജനകീയമായി അവതരിപ്പിച്ച ജനലോക്പാൽ ബില്ലിലും കേരളത്തിലെ ലോകായുക്തയിലെ 14-ാം വകുപ്പിന് സമാനമായ വകുപ്പില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.