മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു പ്രൊഡക്ഷൻ കമ്പനിയാണ്. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് ഈ കമ്പനിയുടേതായി നിര്‍മ്മിക്കപ്പെട്ട് പുറത്തെത്തിയ ചിത്രങ്ങള്‍. കാതൽ, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ഈ ബാനറിൽ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ പുറത്തുവന്നപ്പോൾ ചർച്ചയായിരുന്നു. എന്നാൽ ലോഗോ രൂപകൽപ്പനയുടെ മൗലികതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ഒരു പോസ്റ്റ് ഇന്നലെ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് (എം 3 ഡി ബി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ചർച്ചയായി. ചർച്ചയുടെ ഗൗരവം മനസിലാക്കി മമ്മൂട്ടി കമ്പനി നിലവിലെ ലോഗോ പിൻവലിച്ചു. ഇതിന്റെ ഭാഗമായി മമ്മൂട്ടി കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ലോഗോ നീക്കം ചെയ്തു.
“കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി തുടരുക എന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിലൂടെ കടന്നുപോകും. ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള മനഃപൂർവമല്ലാത്ത അശ്രദ്ധ ശ്രദ്ധയിൽപ്പെടുത്തിയവർക്ക് ഒരു വലിയ നന്ദി,” ലോഗോ പിന്‍വലിച്ചുകൊണ്ടുള്ള കുറിപ്പിൽ മമ്മൂട്ടി കമ്പനി പറഞ്ഞു.
എം 3 ഡി ബി ഗ്രൂപ്പ് അംഗം ജോസ് മോൻ വാഴയിൽ ഇട്ട പോസ്റ്റാണ് തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഏതോ ഇമേജ് ബാങ്കിൽ നിന്ന് എടുത്ത ഡിസൈനിൽ മമ്മൂട്ടി കമ്പനി എന്ന പേര് ചേർക്കുക മാത്രമാണ് ലോഗോയിൽ ചെയ്തതെന്നായിരുന്നു ജോസ് മോന്റെ നിരീക്ഷണം. സമാനമായ മറ്റ് ചില ഡിസൈനുകള്‍ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.