കൊച്ചി: ലൈഫ് മിഷൻ കേസിൽ മുൻ സി.ഇ.ഒ യു.വി ജോസിനെതിരെ മൊഴി നൽകി കരാറുകാരൻ സന്തോഷ് ഈപ്പൻ. യു.വി ജോസ് വഴി ചില രേഖകൾ ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴി നൽകിയിരിക്കുന്നത്. അതേസമയം സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചതിലും ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ സി.ഇ.ഒ യു.വി ജോസിനെ തുടർച്ചയായ രണ്ടാം ദിവസവും ഇഡി വിളിച്ചു വരുത്തി. അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന്റെ മൊഴിയിൽ യു.വി ജോസിനെതിരെ ചില പരാമർശങ്ങളുണ്ട്. ലൈഫ് മിഷൻ സി.ഇ.ഒയുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്ന് സന്തോഷ് ഈപ്പൻ പറഞ്ഞു. കരാർ നടപടികൾക്ക് മുമ്പ് യു.വി ജോസ് വഴി ചില രേഖകൾ ലഭിച്ചിരുന്നു. ഹാബിറ്റാറ്റ് നൽകിയ ചില രേഖകളാണ് ലഭിച്ചത്. ഇത് പരിഷ്കരിച്ച് കരാർ രേഖയായി സമർപ്പിച്ചുവെന്നാണ് മൊഴി. എന്നാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് താൻ എല്ലാം ചെയ്തതെന്നും നടപടിക്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും ജോസ് ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനെല്ലാം പ്രത്യുപകാരമായി, കൈക്കൂലി പണത്തിന്റെ ഒരു ചെറിയ വിഹിതമെങ്കിലും ഏതെങ്കിലും ഘട്ടത്തിൽ യു.വി ജോസിന് ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്റെ വഴിവിട്ട നിയമനം ലൈഫ് മിഷൻ കൈക്കൂലിക്കുള്ള പ്രതിഫലമാണോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറിന്റെ ഇടപെടലിനെ തുടർന്നാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെയും ഇഡി വിളിപ്പിച്ചു. സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർ കൂപ്പേഴ്സിന്റെ അസോസിയേറ്റ് ഡയറക്ടർ പ്രതാപ് നായരെയും വിളിപ്പിച്ചിട്ടുണ്ട്.