മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളിന് എല്ലായ്പ്പോഴും പ്രധാനമന്ത്രിയുടെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ഐ.എസ്.ബി എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു.
രാജ്യത്തിന്റെ ശില്പികളിൽ ഒരാളായ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അനുശോചനവും പ്രാർത്ഥനയും അർപ്പിക്കുന്നുവെന്നും മരിച്ചയാളുടെ ആത്മാവിന് സർവ്വശക്തൻ ശാശ്വത സമാധാനമേകട്ടെയെന്നും ചെയർമാൻ, സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , പ്രിൻസിപ്പൽ, സ്റ്റാഫ്, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.