
മനാമ: ഇന്ത്യയില്‍നിന്നുള്ള 46 ബിസിനസുകാരുടെ പ്രതിനിധി സംഘത്തിന് ആതിഥ്യമരുളിക്കൊണ്ട് ബഹ്റൈനിലെ ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബി.എന്‍.ഐ) ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു.


അതിര്‍ത്തി കടന്നുള്ള ബിസിനസ് സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. പാര്‍ലമെന്റ് അംഗം ഡോ. ഹസ്സന് ബുഖാമാസ്, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. രാധാകൃഷ്ണപിള്ള, ബഹ്റൈന്‍ വേള്‍ഡ് എന്‍.ആര്.ഐ. കൗണ്‍സില്‍ ഡയറക്ടര്‍ സുധീര്‍ തിരുനിലത്ത് എന്നിവരും സന്നിഹിതരായി.


ബി.എന്‍.ഐ. ബഹ്റൈന്റെ ദൗത്യവും ഉദ്ദേശ്യവും ദേശീയ ഡയറക്ടര്‍ അരുണോദയ് ഗാംഗുലി വിശദീകരിച്ചു. പ്രസിഡന്റ് നാരായണന് ഗണപതി ബഹ്റൈന്റെ ബിസിനസ് കാഴ്ചപ്പാടും വളര്‍ച്ചാ സാധ്യതകളും വിവരിച്ചു. ഇന്ത്യന്‍, ബഹ്റൈന്‍ ബിസിനസുകള്‍ തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധത്തെ പ്രകീര്‍ത്തിച്ച അംബാസഡര്‍ ആഗോള, ഇന്ത്യന്‍ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയമായ ഇടമാണ് ബഹ്റൈനെന്ന് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറല്‍ നെറ്റ് വര്‍ക്കിംഗ് സംഘടനയായ ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ 1985ലാണ് രൂപംകൊണ്ടത്. 78 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.
