ഇടുക്കി: എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. 70 ലിറ്റർ വ്യാജമദ്യവും ബോട്ലിംഗ് യൂണിറ്റും ഇവിടെ നിന്ന് പിടിച്ചെടുത്തു. 3,500 ഓളം കുപ്പികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടികൂടിയിരുന്നു. ഇതേത്തുടർന്ന് എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നിർമ്മാണ സ്ഥലം കണ്ടെത്തിയത്. കഞ്ഞിക്കുഴി സ്വദേശിയായ ബിനു മാത്യുവിന്റെ വീട്ടിലാണ് വ്യാജമദ്യം നിർമ്മിച്ചു കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത മദ്യം ബെവ്കോ ഔട്ട്ലെറ്റിൽ നിന്നാണെന്ന് തെറ്റിദ്ധരിച്ച് കൈമാറാനെത്തിച്ച മദ്യമായിരുന്നു പിടികൂടിയത്. പൂപ്പാറ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരനായ ബിനു, സുഹൃത്ത് പോത്തൻകോട് പുത്തൻവീട്ടിൽ ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യു, മകൻ എബിൻ എന്നിവരാണ് അറസ്റ്റിലായത്. ജീവനക്കാരുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പൂപ്പാറ തലക്കുളത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 35 ലിറ്റർ വരുന്ന 70 കുപ്പി വ്യാജമദ്യവും കണ്ടെടുത്തു. എം.സി മദ്യത്തിന്റെയും സർക്കാരിന്റെയും വ്യാജ സ്റ്റിക്കർ പതിച്ച കുപ്പിയിലാണ് മദ്യം നിറച്ചിരുന്നത്. ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി പുറത്ത് ചില്ലറ വിൽപ്പന നടത്തുന്ന ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാനായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.