
മൂവാറ്റുപുഴ : അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി നമിത മരിച്ച സംഭവത്തിൽ യ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയി വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ്. കൊലപാതക ശ്രമമടക്കം ഇയാളുടെ പേരിൽ കേസുണ്ടെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാകുന്നതിനു മുൻപ് കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു. ഇത്തരത്തിൽ ചുറ്റിത്തിരിഞ്ഞതോടെ വിദ്യാർഥികളുമായി യുവാവുമായി തർക്കമുണ്ടാക്കി. തുടർന്ന് സ്ഥലംവിട്ട ഇയാൾ പിന്നീട് അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് രംഗം വഷളാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമായി. മുന്നൂറോളം വിദ്യാർഥികൾ അവിടെ തടിച്ചുകൂടി. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേർന്ന് ഇവരെ നിയന്ത്രിച്ചത്. പ്രതിയെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തും. ആനിക്കാട് ഭാഗത്ത് ചില സംഘത്തിനൊപ്പം ഇയാളെ കാണാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.

