ന്യൂയോർക്ക്: അടുത്തിടെ അമേരിക്കയില്‍ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവയ്ക്കല്‍ നടത്തിയ അമേരിക്കക്കാരന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.പന്നി ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് എന്നയാളുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. റിപ്പോര്‍ട്ടുകൾ പ്രകാരം മേരിലാന്‍ഡ് നിവാസികള്‍ ഒരിക്കല്‍ ഭയപ്പാടോടെ ഓര്‍ത്തിരുന്നയാളായിരുന്നു ഡേവിഡ് ബെന്നറ്റ്.
1988ല്‍ എഡ്വേര്‍ഡ് ഷുമാക്കറെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി ഇയാള്‍ക്ക് പത്തു വര്‍ഷത്തെ കഠിനതടവാണ് കോടതി വിധിച്ചിരുന്നത്. ഏഴോളം തവണ കുത്തേറ്റ എഡ്വേര്‍ഡിന്റെ ശരീരം തളരുകയും ഏറെ നാളത്തെ ചികിത്സയ്ക്കും ദുരിത ജീവിതത്തിനും ശേഷം 2007ല്‍ തന്റെ 40-ാം വയസ്സിൽ മരണപ്പെടുകയുമായിരുന്നു. കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മരണപ്പെട്ടതെന്ന് സഹോദരി ലെസ്ലി പറയുന്നു.
മരണത്തോട് മല്ലടിച്ച ഡേവിഡിനെ രക്ഷിക്കുന്നതിനായി അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മെരിലാന്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തത്. ജനുവരി 8നായിരുന്നു 9 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡേവിഡ് ആരോഗ്യവാനായി തുടരുന്നതാണ് പ്രതീക്ഷയേകുന്നത്. ഡേവിഡ് എത്രകാലം പന്നിയുടെ ഹൃദയവുമായി ജീവിക്കുമെന്ന് വ്യക്തമല്ല. പന്നി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ വ്യക്തിയാണ് ഡേവിഡ് ബെന്നറ്റ്.
ഈ പ്രക്രിയയെ “ബ്രേക്ക്ത്രൂ സർജറി” എന്നും അവയവങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പ് എന്നും വിളിക്കപ്പെടുന്നു.