ന്യൂഡല്‍ഹി: ഫോണ്‍സംഭാഷണത്തിനിടെ ആണ്‍സുഹൃത്തിനോട് വഴക്കിട്ട പെണ്‍കുട്ടി, ദേഷ്യം സഹിക്കവയ്യാതെ 80 അടി ഉയരമുള്ള വൈദ്യുതി ടവറില്‍ കയറി. ഇതുകണ്ട ആണ്‍സുഹൃത്തും പിന്നാലെ കയറി. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂടുതൽ മുകളിലേക്ക് കയറിപ്പോകുകയായിരുന്നു. ഛത്തീസ്ഗഢിലെ മര്‍വാഹി ജില്ലയിലാണ് നടുക്കുന്ന സംഭവം. ടവറില്പ്പിടിച്ച് നില്ക്കുന്ന ഇവരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ നാട്ടുകാരാണ് രണ്ടുപേര്‍ ടവറിനു മുകളിലുള്ളതായി ആദ്യം കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിച്ചു. ഇരുവരുടെയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പോലീസെത്തിയപ്പോള്‍ പ്രദേശത്ത് ജനം തടിച്ചുകൂടിയിരുന്നു. ഫോണ്സംഭാഷണത്തിനിടെയാണ് ഇരുവരും തമ്മില്‍ വഴക്കിട്ടത്. ഇതേത്തുടര്‍ന്ന് കോപം നിയന്ത്രിക്കാനാവാതെ പെണ്‍കുട്ടി ടവറില്ക്കയറുകയും ആൺകുട്ടി പിന്തുടരുകയുമായിരുന്നു. മണിക്കൂറുകളോളം സംസാരിച്ച് അനുനയിപ്പിച്ച ശേഷമാണ് ഇരുവരെയും പോലീസിന് താഴെയിറക്കാനായത്.
സംഭവത്തില്‍ രണ്ടുപേര്‍ക്കും അപകടങ്ങളൊന്നുമുണ്ടായില്ല. കര്‍ശനമായ താക്കീത് നല്കി വിട്ടയച്ചു.