പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള ബ്ലോക്ബസ്റ്ററുകൾക്ക് പിന്നിൽ പ്രവർത്തിച്ച ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നു. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘നാലാം മുറയുടെ’ ആഗോള വിതരണമാണ് ലൈക്ക ഏറ്റെടുത്തിരിക്കുന്നത്.
‘നാലാം മുറ’കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തിയിരുന്നു. ലൈക്കയുടെ വരവ് മലയാള സിനിമകൾ ഇതുവരെ റിലീസ് ചെയ്യാത്ത പല രാജ്യങ്ങളിലുള്ള നാലാം മുറയുടെ റിലീസിനു കാരണമാകും. നാലാം മുറ ഇഷ്ടപ്പെട്ടെന്നും വേൾഡ് റിലീസ് ലൈക്ക ഏറ്റെടുത്തുവെന്നും സംവിധായകൻ ദീപു അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. ഡിസംബർ 30 മുതൽ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു എബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.