തൃശൂർ: കൊച്ചിന് ദേവസ്വം ബോര്‍ഡ് പൂര പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടി ചോദിച്ചതോടെ എതിര്‍പ്പുമായി ദേവസ്വങ്ങള്‍. എന്നാല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പുതിയതായി നിയമിതനായ ദേവസ്വം പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ അറിയിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിലാണ് പൂരം പ്രദർശനം നടക്കുന്നത്. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായാണ് രണ്ട് ലക്ഷത്തി അറുപത്തിനാലായിരം ചതുരശ്രയടി സ്ഥലം രണ്ട് മാസത്തേക്ക് വാടകക്ക് എടുക്കുന്നത്. പ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രധാനമായും പൂരം, ഘടക പൂരം എന്നിവയുടെ ചെലവുകൾക്കായി ഉപയോഗിക്കുന്നു. വാടക സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇരു കൂട്ടരും ചർച്ച നടത്തിയിരുന്നു. ദേവസ്വം ബോർഡ് 20 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എക്സിബിഷൻ കമ്മിറ്റി ആരോപിക്കുന്നത്. എന്നാൽ പ്രസിഡന്റ് എം കെ സുദർശനൻ ഇത് നിഷേധിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ലോക്കൽ ഓഡിറ്റിനിടെ നടത്തിയ നിരീക്ഷണത്തിലാണ് വിഷയം കോടതിയിലെത്തിയത്. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുമായും പൂരം എക്സിബിഷൻ കമ്മിറ്റിയുമായും കോടതി നിർദേശപ്രകാരം കൂടുതൽ ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.