
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ എക്സലേറ്റര്‍ പൊടുന്നനെ നിന്നുപോയത് വൈറ്റ് ഹൗസും യുഎന്നും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും എക്സലേറ്ററിലേക്ക് കാലെടുത്തു വെച്ചതിനു പിന്നാലെയാണ് അതിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചത്. തുടര്‍ന്ന് ട്രംപും ഭാര്യയും എസ്കലേറ്ററിന്റെ പടി കയറി പോകുകയായിരുന്നു.
എക്സലേറ്ററിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചതിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് വിമര്‍ശിച്ചു. അംഗീകരിക്കാനാകാത്തതാണെന്ന് പറഞ്ഞ, ലെവിറ്റ് എക്സലേറ്റര്‍ നിന്നത് നിഷ്കളങ്കമായ പിഴവായി കരുതാനാവില്ലെന്നും അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്വേഷണം വേണം. ആരെങ്കിലും എസ്കലേറ്റര്‍ മനഃപൂര്‍വം നിര്‍ത്തിയതാണെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.
ട്രംപ് എത്തുമ്പോള്‍ എസ്കലേറ്ററുകളും ലിഫ്റ്റുകളും നിര്‍ത്തുന്നതിനെക്കുറിച്ച് യുഎന്‍ ജീവനക്കാര്‍ തമാശ പറഞ്ഞിരുന്നതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി വേണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് രംഗത്തു വന്നിട്ടുള്ളത്. ജനറല്‍ അസംബ്ലിയില്‍ ട്രംപ് പ്രസംഗം ആരംഭിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഈ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ വലിയ കുഴപ്പത്തിലാണ് എന്ന് ട്രംപ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
