തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ കബളിപ്പിച്ച് സ്വത്തും ആഭരണങ്ങളും തട്ടിയെടുത്തെന്ന ആരോപണത്തിൽ സിപിഎം കൗൺസിലർ സുജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.പി.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച് വർഷത്തേക്കാണ് സസ്പെൻഷൻ.
നെയ്യാറ്റിൻകരയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ബേബി എന്ന സ്ത്രീയിൽ നിന്ന് 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് സുജിൻ, ഭാര്യ ഗീതു എന്നിവർക്കെതിരെയുള്ള പരാതി.
വയോധികയെ സംരക്ഷിക്കാനെന്ന വ്യാജേന കുടുംബത്തോടൊപ്പം വീട്ടിൽ താമസിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തോടെ ബേബി തനിച്ചായി. ഇവർ അവിവാഹിതരാണ്. 78 വയസ്സായി. മാരായമുട്ടം പൊലീസ് പരിധിയിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം. 2021 ഫെബ്രുവരിയിലാണ് സുജിൻ, ഭാര്യ, കുട്ടി, ഭാര്യയുടെ അച്ഛൻ, അമ്മ എന്നിവരോടൊപ്പം ഈ വീട്ടിൽ താമസം തുടങ്ങിയത്.