കൊച്ചി: വാഴക്കുല രചിച്ചത് വൈലോപ്പിള്ളിയാണെന്ന് പരാമർശിക്കുന്ന ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന ആവശ്യവുമായി ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ. തെറ്റ് തിരുത്തി പുതിയ പ്രബന്ധം സമർപ്പിക്കട്ടെയെന്നും അവർ പറഞ്ഞു.
ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിള്ളിയുടെ പേരിൽ പരാമർശിച്ച സംഭവത്തിൽ പൊറുക്കാനാവാത്ത പിഴവാണ് ഗൈഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. സാധാരണക്കാർക്ക് പറ്റുന്ന തെറ്റു പോലെയല്ല ഇത്. ഗൈഡും ഡോക്ടറേറ്റ് നൽകിയവരും ഒരുപോലെ കുറ്റക്കാരാണ്.
ഇത് മനഃപൂർവ്വമല്ലെന്നറിയാം. എന്നിരുന്നാലും, ഗവേഷണവും പ്രബന്ധം തയ്യാറാക്കലും ഗൗരവമായി ചെയ്യേണ്ട ഒന്നാണ്. വിവാദം ഉയർന്നതിന് ശേഷം ചിന്തയുടെ ഭാഗത്ത് നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ലളിത ചങ്ങമ്പുഴ പ്രതികരിച്ചു.