പത്തനംതിട്ട :ഹെലികോപ്റ്ററിൽ ശബരിമലഭക്തരെ എത്തിക്കാനുള്ള ദേവസ്വം ബോർഡിന്റെ ശ്രമം ഈ തീർഥാടനകാലത്ത് നടക്കില്ല. രണ്ട് ഏജൻസികൾമാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. വ്യവസ്ഥകളിൽ മാറ്റംവരുത്തി വീണ്ടും ടെൻഡർ ചെയ്യാനൊരുങ്ങുകയാണ് ബോർഡ്.ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത ബോർഡ് യോഗം ചർച്ചചെയ്യും.
സ്വന്തമായി ഹെലികോപ്റ്റർ ഉള്ളവർ ടെൻഡറിൽ പങ്കെടുക്കണമെന്ന വ്യവസ്ഥയാണ് തിരിച്ചടിയായത്. ടെൻഡർ നൽകിയ രണ്ട് ഏജൻസികളിൽ ഒന്നിനേ സ്വന്തമായി ഹെലികോപ്റ്ററുള്ളൂ. ശബരിമല തീർഥാടകരുടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ തീർഥാടകരെ എത്തിച്ച് വരുമാനം കണ്ടെത്താനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിട്ടത്.
ശരംകുത്തിയിൽ ഹെലിപാഡ് ഒരുക്കാമെന്നു നേരത്തേ ആലോചനയുണ്ടായെങ്കിലും ശബരിമല സന്നിധാനത്ത് അത്തരം സൗകര്യം ഒരുക്കുന്നതിനെതിരേ വിമർശനമുണ്ടായതോടെ ഉപേക്ഷിച്ചു.
സ്വന്തമായി ഹെലികോപ്റ്റർ ഇല്ലെങ്കിലും സർവീസ് നടത്തുന്ന ഏജൻസികളെക്കൂടി ക്ഷണിക്കാനാണ് ബോർഡ് ആലോചിക്കുന്നത്. അടുത്ത ബോർഡ് യോഗം ഇത് പരിഗണിക്കുമെന്ന് ബോർഡ അംഗം മനോജ് ചരളേൽ പറഞ്ഞു.