കോഴിക്കോട്: റേഷൻ കടകളിൽ പച്ചരിമാത്രം വിതരണം ചെയ്യുന്നതിനാൽ പൊതുവിപണിയിൽ പുഴുക്കലരിക്ക് ഡിമാൻഡ് വർധിച്ചു. വിലയും ഉയർന്നു. മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അരിയായ കുറുവ അരി ചെറുകിട വിപണിയിൽ 3 രൂപ വരെ വർധിച്ചു. 45-48 രൂപയാണ് കുറുവയുടെ ഇപ്പോഴത്തെ വില. വെള്ളക്കുറുവ, പൊന്നി എന്നിവയുടെ വില 40-45 രൂപ വരെയാണ്.
വിപണിയിൽ ബോധനയ്ക്ക് വില കുറവാണ്. 35 മുതൽ 38 രൂപ വരെയാണ് ബോധനയുടെ വില. എന്നാൽ, ഇതിന് ഡിമാൻഡ് കുറവാണെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ ഉയർന്ന വിലയുണ്ടായിരുന്ന ജയ, മട്ട എന്നിവയ്ക്ക് 10 രൂപ കുറഞ്ഞു. വിളവെടുപ്പ് ആരംഭിച്ചതിനാലാണ് വിലകുറഞ്ഞത്.
അതേസമയം, കുറുവ അരിയുടെ വിളവെടുപ്പ് ജനുവരിയിലാണ്. അതിനാൽ, വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.