ഇടുക്കി: ഇടുക്കി ചിന്നകനാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. ദീപക്കിന്റെ കഴുത്തിനും കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.
ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയാണ് കായംകുളം പൊലീസ് ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്റെ താക്കോലും ഊരിയെടുത്ത് അക്രമി സംഘം പോയി. എസ് ഐ അടക്കം അഞ്ചു പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്. അക്രമികളിൽ നാലുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.