
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. ക്രെഡിറ്റ് മോദിക്ക് ആണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട് എന്നാല്‍ ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാത്ത രാജ്യമാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം എന്ന് എംബി രാജേഷ് പറഞ്ഞു. ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ലെന്നും ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്, വിശദ മാർഗ്ഗരേഖ പുറത്തിറക്കിയതാണ്. അത് വായിച്ചിരുന്നെങ്കിൽ ചോദ്യങ്ങൾ ഉന്നയിക്കില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. കൂടാതെ, ആരാണ് അതിദരിദ്രർ എന്ന് നിർണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉൾപ്പെട്ടത്. അതിദാരിദ്ര്യം നിർമാർജനം ചെയ്തു എന്നാണ് അവകാശവാദം. ദാരിദ്ര്യം നിർമാർജനം ചെയ്തു എന്നല്ല. വിഷയത്തില്‍ വിദഗ്ധർ ഇതുവരെ എന്തുകൊണ്ട് ചോദ്യങ്ങൾ ഉന്നയിച്ചില്ല ചൂണ്ടിക്കാണിച്ചെങ്കിൽ അഡ്രസ് ചെയ്യാമായിരുന്നു. സർക്കാർ നിഗൂഢമായി ചെയ്ത പദ്ധതിയല്ല എന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം നാളെ നടത്താനൊരുങ്ങുകയാണ്. അപ്പോഴും അതീവ ദുരിതാവസ്ഥയില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. അതിദരിദ്രര്‍ക്കായി തയ്യാറാക്കിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുളള പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആദിവാസി കോളനികളില്‍ അടക്കം നിരവധി പേര് ദുരിതജീവിതം നയിക്കുമ്പോൾ തിരക്ക് പിടിച്ചു നടത്തുന്ന പ്രഖ്യാപനം കേവലമായ അവകാശ വാദം മാത്രമാകുമെന്ന വിമര്‍ശനം താഴെ തട്ടിലുണ്ട്.
കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ പണിയ കോളനിയിലെ ബിന്ദു വീടിനായുളള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സര്‍ക്കാരില്‍ നിന്ന് വീട് പാസായെന്ന അറിയിപ്പ് കിട്ടിയതോടെയായിരുന്നു താമസിച്ചിരുന്ന കൊച്ചുകൂര പൊളിച്ച് പ്ളാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിലേക്ക് മാറിയത്. എന്നാല്‍ നിര്‍മിതി കേന്ദ്ര തുടങ്ങിയ വീട് പണി തറയില്‍ തന്നെ ഒടുങ്ങി. കരാറുകാര്‍ ഈ വഴി വരാറായി. തറയില്‍ കാട് കയറിത്തുടങ്ങി. ഇതിനിടെ കാറ്റിലും മഴയിലും തകര്‍ന്ന ഷെഡ് പല വട്ടം മാറ്റി. വീട്ടുമുറ്റം വരെയത്തുന്ന കാട്ടാനക്കൂട്ടം ഏത് നിമഷവും ഷെഡ് തകര്‍ക്കാമെന്ന ഭിതിയില്‍ ബിന്ദു ഏഴാം ക്ളാസില്‍ പഠിക്കുന്ന ഏക മകളെ പേരന്പ മുതുകാടുളള സ്വന്തം വീട്ടിലാക്കി.ഭര്‍ത്താവ് ബാബൂ വയറിന് രണ്ട് വട്ടം ശസ്തക്രിയ കഴിഞ്ഞുളള തുടര്‍ ചികില്‍സകളില്‍ ആയതിനാല്‍ മിനിക്ക് വല്ലപ്പോഴും മാത്രമെ കൂലിവേലയ്ക്ക് പോകാനാകൂ. ഇത്രയെല്ലാമായിട്ടും ബാബുവും ബിന്ദുവും സര്‍ക്കാര്‍ തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയില്‍ ഇല്ല.


 
