ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതി രാജ്യത്ത് ഉടൻ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി നിയമത്തിന് കീഴിൽ സർക്കാർ ചട്ടങ്ങൾ തയ്യാറാക്കി വരുകയാണ്. ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
പൗരത്വ നിയമ ഭേദഗതി 2019 ന് കീഴിൽ ചട്ടങ്ങൾ തയ്യാറാക്കിവരുകയാണ്. ലോക്സഭയും, രാജ്യസഭയും മറ്റ് കമ്മിറ്റികളും ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ ഒൻപത് മുതൽ ജൂലൈ ഒൻപതുവരെയാണ് സമയം അനുവദിച്ച് നൽകിയിരിക്കുന്നത്. ശേഷം ഉടൻ രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നും മറുപടിയിൽ പറയുന്നു.
നിയമത്തിന് അംഗീകാരം ലഭിച്ച തിയതി മുതൽ ആറ് മാസത്തിനുള്ളിൽ ചട്ടങ്ങളും, നയങ്ങളും, രൂപീകരിക്കണമെന്നാണ്. എന്നാൽ കൊറോണയുൾപ്പെടെയുള്ള കാരണങ്ങളാൽ അധികൃതർക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് സാവകാശം നൽകണമെന്ന് സഭകളോടും കമ്മിറ്റികളോടും ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കുന്നു.