കാഞ്ഞാര്‍: ക്രിസ്തുമസ് ദിനത്തിൽ സ്റ്റേഷനിലെത്തിയ പരാതിക്കാർക്കും പൊലീസുകാർക്കും ആശംസകൾ അറിയിക്കാൻ കാഞ്ഞാർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിക്കരോൾ സംഘം കൗതുകമുണർത്തി. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആഘോഷം പോസ്റ്റ് ചെയ്തതോടെ കാഞ്ഞാറിലെ കുട്ടികൾ വൈറലായി.
കാഞ്ഞാർ കോളനിയിൽ നിന്നുള്ള 13 അംഗ സംഘമാണ് ക്രിസ്മസ് ഗാനങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അപ്രതീക്ഷിതമായി എത്തിയ കുട്ടി കരോൾ സംഘം പാട്ടുകൾ പാടികൊണ്ട് സ്റ്റേഷനിലേക്ക് ഓടിക്കയറി.
അകത്തുണ്ടായിരുന്ന പൊലീസുകാർ ഒന്ന് ഞെട്ടിയെങ്കിലും കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർ അവരോടൊപ്പം ചേർന്നു. ഇതിനിടയിൽ, സംഘത്തിലെ ഒരു അംഗം എന്നെ ജയിൽ കാണിക്കാമോ എന്ന് ചോദിച്ചു. ഇവിടെ ലോക്കപ്പ് മാത്രമേ ഉള്ളൂവെന്ന് മറുപടി നൽകിയ ഉദ്യോഗസ്ഥൻ അത് കാണിച്ച് കൊടുക്കുകയും ചെയ്തു.