ന്യൂഡല്‍ഹി: പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് ഉപയോഗിച്ചെന്ന് ആരോപിച്ച് കാഡ്ബറി ചോക്ലേറ്റുകൾക്കെതിരെ ബഹിഷ്കരണാഹ്വാനം. പരസ്യത്തിൽ പാവപ്പെട്ട വ്യാപാരിയുടെ പേര് ‘ദാമോദർ’ എന്ന് കൊടുത്തതിൽ പ്രതിഷേധിച്ചാണ് സോഷ്യൽ മീഡിയയിൽ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആണ്.
പരസ്യത്തിൽ ദീപാവലിക്ക് ഉപയോഗിക്കുന്ന ലൈറ്റുകൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ പേരാണ് ദാമോദർ. പരസ്യത്തിൽ, ഡോക്ടർ കഥാപാത്രം കച്ചവടക്കാരന് ദീപാവലി ആശംസകള്‍ നേർന്നു കൊണ്ട് കാഡ്ബറി ചോക്ലേറ്റുമായി എത്തുന്നതാണ് കാണിക്കുന്നത്. വി.എച്ച്.പി നേതാവ് പ്രാചി സാധ്വി പരസ്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
“ടിവി ചാനലുകളിലെ കാഡ്ബറി പരസ്യം നിങ്ങൾ ശ്രദ്ധിച്ചോ? സ്വന്തമായി ഒരു കടയില്ലാത്ത ഒരു പാവം വിളക്ക് വിൽപ്പനക്കാരൻ്റെ പേര് ദാമോദർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേരിലുള്ള ഒരാളെ മോശമായി ചിത്രീകരിക്കാനാണ് ഈ പേര് നൽകിയിരിക്കുന്നത്. ചായ വിൽപ്പനക്കാരന്റെ പിതാവ് വിളക്ക് വിൽപ്പനക്കാരൻ” പ്രാചി സാധ്വി ട്വിറ്ററിൽ കുറിച്ചു.