തിരുവനന്തപുരം: രണ്ടാം ഘട്ടത്തിൽ കേരളത്തിന് 3,60,500 ഡോസ് കൊറോണ വാക്സിൻ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് കോവിഷീൽഡ് വാക്സിനുകൾ ലഭിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്.
ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂർ 26500, കാസർഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂർ 31000, വയനാട് 14000 എന്നിങ്ങനെയാണ് ജില്ലകള്‍ക്ക് അനുവദിച്ചിട്ടുളള ഡോസുകള്‍. ബുധനാഴ്ച കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളിൽ വാക്സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്താകെ 4,59,853 ആരോഗ്യ പ്രവർത്തകരും കൊറോണ മുന്നണി പോരാളികളുമാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉൾപ്പെടെ 3,75,610 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ 2932 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കൊറോണ മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 74,711 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും 6,600 മുൻസിപ്പൽ വർക്കർമാരും ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.