മണിപ്പൂര്‍ : മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ
അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മണിപ്പൂര്‍ സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. നഗ്നവീഡിയോ കേസുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ പോലീസ് ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട്, പ്രത്യേകിച്ച് മണിപ്പൂരിലെ പോലെ ഹീനമായ കുറ്റകൃത്യങ്ങളോട് ശക്തമായ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. സംഭവത്തില്‍ നീതി നടപ്പാക്കണമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു. സത്യവാങ്മൂലം പ്രകാരം, മെയ് 26 ന് അന്വേഷണം സിബിഐക്ക് കൈമാറാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ജൂലൈ 27 വ്യാഴാഴ്ച്ച ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ അംഗീകരിച്ച് കേസ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറിക്ക് കൈമാറി. കേസില്‍ മണിപ്പൂരിന് പുറത്ത് വിചാരണ നടത്താന്‍ നിര്‍ദേശിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമം പൊട്ടിപ്പുറപ്പെട്ട മെയ് 3 മുതല്‍ മണിപ്പൂരില്‍ കൂടുതല്‍ കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നിലവില്‍, സിഎപിഎഫിന്റെ 124 അധിക കമ്പനികളും ആര്‍മി/അസ്സാം റൈഫിള്‍സിന്റെ 185 സേനയും പ്രാദേശിക പോലീസും മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ഉപദേഷ്ടാവിന്റെ അധ്യക്ഷതയില്‍ എല്ലാ സുരക്ഷാ സേനകളുടെയും ഭരണകൂടത്തിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ഏകീകൃത കമാന്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സുപ്രീം കോടതി ഇന്ന് ഈ വിഷയം പരിഗണിക്കുകയും മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും ചെയ്യും.
മണിപ്പൂരിലെ വൈറല്‍ വീഡിയോയില്‍, ജൂലൈ 20 ന് സുപ്രീം കോടതി സ്വമേധയാ എടുത്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാനും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.