
മലപ്പുറം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു തീവെച്ച കേസ് പോലീസിലെ ആർ.എസ്.എസ്. സംഘം അട്ടിമറിച്ചെന്ന് പി.വി. അൻവർ എം.എൽ.എ. കേസന്വേഷണം വഴിതിരിച്ചുവിട്ട ഡിവൈ.എസ്.പി. രാജേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബൂത്ത് ഏജന്റായിരുന്നെന്നും അൻവർ പറഞ്ഞു.
കേസ് സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെയും നേതൃത്വത്തിൽ മുക്കി. ഇപ്പോഴും റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല. മുഖ്യമന്ത്രി വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു.
ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പി. ശശി പൊളിറ്റിക്കൽ സെക്രട്ടറി എന്ന പദവി ഉത്തരവാദിത്തോടെ നിറവേറ്റുന്നില്ല. ശശിക്കെതിരെ നാളെയോ മറ്റന്നാളോ പരാതി നൽകുമെന്നും അൻവർ പറഞ്ഞു.


