കോട്ടയം: ബാറിൽ നിന്ന് മദ്യലഹരിയിൽ ഇറങ്ങിയ ആൾ സ്വന്തം കാറാണെന്ന് കരുതി വഴിയിൽ കണ്ട മറ്റൊരു കാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ കാർ വഴിയരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച രാത്രി ചോറ്റാനിക്കരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ചോറ്റാനിക്കര സ്വദേശിനിയായ ആഷ്ലി ബാറിൽ നിന്ന് മദ്യപിച്ചെത്തി ബാറിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കയറുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി, ബാറിന് സമീപത്തെ കടയിൽ പോയ മറ്റൊരാളുടെ കാറാണ് ഇയാൾ ഓടിച്ചത്. ബാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കണ്ട കാർ, തൻ്റേതെന്ന് തെറ്റിദ്ധരിച്ച് കാറിൽ കയറുകയായിരുന്നു. മദ്യപിച്ചിരുന്ന ആഷ്ലി കാറിന്റെ താക്കോൽ അതിലുണ്ടായിരുന്നതിനാൽ മറ്റൊന്നും നോക്കിയില്ല.
ഒരു അപരിചിതൻ കാർ മുന്നോട്ട് എടുത്തതോടെ കാറിൽ ഉള്ളവർ പരിഭ്രാന്തരായി. തുടർന്ന് കാറ് പലയിടത്തും തട്ടുകയും ചെയ്തു. കാറിലുണ്ടായിരുന്ന വീട്ടമ്മ കാറിന്റെ സ്റ്റിയറിംഗ് വീൽ പിടിക്കുകയും വണ്ടി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ എത്തിയ ചോറ്റാനിക്കര പൊലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു.