പഞ്ചാബ്: വയലുകളിലെ തീയിടലുമായി ബന്ധപ്പെട്ട് പഞ്ചാബിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങൾ വായു മലിനീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. നിലവിൽ, ഇത് ഡൽഹിയിലും മറ്റ് സമീപ പ്രദേശങ്ങളിലും കടുത്ത വായു മലിനീകരണത്തിന് കാരണമാകുന്നു.
ഡൽഹിയിലെ വായു മലിനീകരണത്തിന് 10 മുതൽ 13 ശതമാനം വരെ പാടശേഖരങ്ങളിലെ തീയിടൽ കാരണമാകുന്നു. ശൈത്യകാലത്ത് ഇത് 48 ശതമാനമായി കൂടിയിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പഞ്ചാബ് ജില്ലാ കളക്ടർമാരോട് വിശദീകരണം തേടിയിട്ടുണ്ട്.
പരിഹാരമായി വയലുകളിൽ പുസ ബയോ ഡികംപോസർ ഉപയോഗിക്കാനും ശുപാർശയുണ്ട്. നിലവിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 5.7 ലക്ഷം ഏക്കർ നെൽവയലുകളിൽ കഴിഞ്ഞ വർഷം ഡികംപോസർ ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, സാറ്റ്ലൈറ്റ് ഉപയോഗിച്ച് ശേഖരിച്ച ഫൂട്ടേജുകൾ, 92 ശതമാനം പ്രദേശങ്ങളിലും ഇത് കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി.